International
ദുബായ്: പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനു നേർക്കുണ്ടായ ആക്രമണത്തെത്തുടർന്ന് അമേരിക്ക ഇറാനിൽ ഉടനീളം ബോംബാക്രണം നടത്തി.
ബഹറിൽ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്ക് ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇന്നലെ രാവിലെയായിരുന്നു യുഎസ് ആക്രമണം. ഇറാനിൽ 140 കേന്ദ്രങ്ങളിലായിരുന്നു ബോംബാക്രമണം.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്. ഇറാന്റെ ഒരു നാവിക ഓഫീസർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇറാനിലെ ഖെഷം ദ്വീപിലെ സൈനികകേന്ദ്രങ്ങളും അമേരിക്ക ആക്രമിച്ചു.
ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
സൈപ്രസ് പതാകയേന്തിയ ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിനു നേർക്കായിരുന്നു ഇന്നലെ ഇറാൻ ആക്രമണം നടത്തിയത്. കപ്പലിലെ ഇന്ത്യക്കാരനായ ജീവനക്കാരനെ കാണാതായി. 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ മുഴുവൻ ജീവനക്കാരും ഇന്ത്യക്കാരായിരുന്നു.
തീപിടിച്ച കപ്പലിന്റെ എൻജിൻ റൂമിനു കാര്യമായ കേടുപാടുണ്ടായി. ഒമാൻ തീരത്തിനു സമീപത്തുകൂടിയായിരുന്നു കപ്പൽ സഞ്ചരിച്ചിരുന്നത്. അംഗീകാരമില്ലാത്തെ പാതയിലൂടെ സഞ്ചരിച്ച കപ്പലിനു മുന്നറിയിപ്പ് നല്കിയിട്ടും അവഗണിച്ചുവെന്നും തുടർന്നാണ് ആക്രമണം നടത്തിയതെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് വ്യക്തമാക്കി.
International
മസ്കറ്റ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു തടസം നിൽക്കില്ലെന്ന് പരസ്യമായി സമ്മതിക്കണമെന്ന് അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
അടുത്തിടെ ഹോർമുസിൽ കപ്പൽ ആക്രമിച്ചത് അബദ്ധത്തിലായിരുന്നുവെന്നും തീവ്ര നിലപാടുകൾ പുലർത്തുന്ന വിമത വിഭാഗമാണ് ആക്രമണത്തിനു പിന്നിലെന്നും അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് ഇറാൻ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഒമാനിൽ നടക്കുന്ന ചർച്ചയിൽ ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്.
ഇറാനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ ചർച്ചയിൽ സജീവമായി ഇടപെടുന്നുണ്ട്.
“ഞങ്ങൾക്കു തെറ്റു പറ്റി, നമുക്ക് ചർച്ച തുടരാം” എന്നാവശ്യപ്പെട്ട് ഇറേനിയൻ സംഘം സമീപിച്ചുവെന്നാണ് അമേരിക്കൻ വൃത്തങ്ങൾ വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടലിനു വഴിതെളിച്ച ഹോർമുസിലെ കപ്പൽ ആക്രമണത്തിനു പിന്നിൽ തീവ്രനിലപാടുകൾ പുലർത്തുന്ന വിമതരാണെന്നും അമേരിക്കയുമായുള്ള ചർച്ചകൾ അട്ടിമറിക്കാൻവേണ്ടിയായിരുന്നു കപ്പലാക്രമണമെന്നും ഇറേനിയൻ സംഘം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
ഹോർമുസിൽ ഇനി കപ്പലുകൾ ആക്രമിക്കില്ലെന്ന പരസ്യ ഉറപ്പ് നല്കണമെന്നും നേരത്തേയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്നു സമ്മതിക്കണമെന്നും അമേരിക്ക ഇറാനോട് മധ്യസ്ഥർ വഴി ആവശ്യപ്പെട്ടു.
International
ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ രക്തത്തിനു പകരം ചോദിക്കുമെന്ന് മകനും ഇപ്പോഴത്തെ പരമോന്നത നേതാവുമായ മുജ്തബ ഖമനയ്.
അലി ഖമനയ്യുടെ സംസ്കാരത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് മുജ്തബ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികാരം അനിവാര്യമാണ്. തങ്ങളുണ്ടെങ്കിലും ഇല്ലെങ്കിലും നടന്നിരിക്കും. ഖമനയ്യുടെ സംസ്കാരത്തിന് ലക്ഷങ്ങൾ സംബന്ധിച്ചത് ശത്രുവിനെ തകർക്കുന്നതിനു തുല്യമാണെന്നും അതിനു നന്ദി പറയുന്നുവെന്നും മുജ്തബ കൂട്ടിച്ചേർത്തു.
International
ദുബായ്: അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇറാനിലെ വിവിധകേന്ദ്രങ്ങളിൽ വീണ്ടും അജ്ഞാത വ്യോമാക്രമണം.
തെക്കൻ ഇറാനിലെ വിവിധ മേഖലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്കു പിന്നിൽ ആരാണെന്നതിനെക്കുറിച്ച് ഇറാൻ ഭരണകൂടം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്നാൽ, അമേരിക്കൻ സൈനികനീക്കങ്ങൾക്കു സഹായം നൽകുന്നുവെന്നാരോപിച്ച് ഒരു ഇറാനിയേൻ പാർലമെന്റ് അംഗം യുഎഇയ്ക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
International
ദുബായ്: തുടർച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം തുടർന്ന് അമേരിക്കയും ഇറാനും. ഇറാനിലെ 90 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അമേരിക്ക അറിയിച്ചു. തങ്ങളുടെ ഏക ആണവോർജ പ്ലാന്റ് ആക്രമിക്കപ്പെട്ടതായി ഇറാൻ അറിയിച്ചു. ബഹ്റിൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സേനാ താവളങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി ഇറാൻ തിരിച്ചടിച്ചു. കുവൈറ്റിൽ ഒരാൾക്കു പരിക്കേറ്റു.
ജോർദാനിലേക്കു തൊടുത്തത് 10 മിസൈലുകൾ
ജോർദാനിലെ യുഎസ് സേനാ താവളത്തിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ഇറാന്റെ ആക്രമണമുണ്ടായി. പത്തു മിസൈലുകളാണു ജോർദാൻ ലക്ഷ്യമാക്കി തൊടുത്തത്. രണ്ടു ദിവസത്തെ യുഎസ് ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേറ്റെന്നും ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിലേറെയും സൈനികരാണ്.
ചൊവ്വാഴ്ച ഹോർമുസിൽ മൂന്നു കപ്പലുകൾക്കു നേർക്ക് ഇറാൻ ആക്രമണം നടത്തിയതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. തുടർന്ന് വെടിനിർത്തൽ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകൾക്ക് നേർക്ക് ആക്രമണം തുടർന്നാൽ ഇറാന് വൻ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പു നൽകി. ഇറാനിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾ എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇതിനിടെ, സമവായത്തിനായി ഖത്തർ ശ്രമമാരംഭിച്ചു. സമാധാനശ്രമങ്ങൾ തുടരുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.
വിമർശനവുമായി ഖത്തർ
അതേസമയം, ഹോർമുസിൽ കപ്പലുകൾ ആക്രമിച്ച ഇറാനെതിരേ ഖത്തർ വിമർശനമുയർത്തി. ഖത്തർ പ്രധാനമന്ത്രി, ഒമാൻ, തുർക്കി വിദേശകാര്യ മന്ത്രിമാർ, പാക് സേനാ മേധാവി എന്നിവരുമായി ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംസാരിച്ചു.
80 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം
ബുധനാഴ്ച ഇറാനിലെ 80 കേന്ദ്രങ്ങളിലാണ് യുഎസ് സേന ആക്രമണം നടത്തിയത്. ഇന്നലെ ബുഷേറിലെ ഇറാന്റെ ആണവോർജ പ്ലാന്റിനു നേർക്കും തെക്കൻ തുറമുഖ നഗരങ്ങളിലും ആക്രമണമുണ്ടായി. വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനങ്ങൾ, മിസൈൽ-ഡ്രോൺ സംഭരണകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയായിരുന്നു ഇന്നലെ പുലർച്ചെ യുഎസ് സേന ലക്ഷ്യമിട്ടത്. അതേസമയം, ഇറാനിലെ ആക്രമണം അവസാനിപ്പിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഏപ്രിൽ എട്ടിലെ വെടിനിർത്തലിനു ശേഷം ആദ്യമായി ഇറാനിലെ പാലങ്ങൾ യുഎസ് ആക്രമിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാരം നടന്ന മഷാദിലേക്കുള്ള രണ്ടു പാലങ്ങൾ ആക്രമിക്കപ്പെട്ടതായി ഇറാനിലെ റവലൂഷണറി ഗാർഡ് അറിയിച്ചു.
ആണവായുധമുണ്ടാക്കില്ലെന്ന നിലപാടിൽ ആവശ്യമെങ്കിൽ മാറ്റങ്ങൾ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ബുധനാഴ്ച ഹോർമുസിലൂടെ വെറു എട്ടു കപ്പലുകൾ മാത്രമാണ് കടന്നുപോയത്. ചൊവ്വാഴ്ച 36 കപ്പലുകൾ സഞ്ചരിച്ചിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലു ദിവസത്തെ യുദ്ധത്തിൽ 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് സംഘർഷമുൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു. മറ്റാരേക്കാളും നൊബേൽ തനിക്ക് അവകാശപ്പെട്ടതായിരുന്നെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധമാകാൻ പോകുകയായിരുന്നു. യുദ്ധത്തിൽ 11 വിമാനങ്ങൾ വെടിവച്ചിട്ടതായും ട്രംപ് പറഞ്ഞു. എന്നാൽ ഇരുരാജ്യങ്ങൾക്കും എത്ര വീതം വിമാനങ്ങൾ നഷ്ടമായെന്നോ, ആകെ തകർന്ന വിമാനങ്ങളുടെ എണ്ണമാണോ ഇതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല.
സംഘർഷം അവസാനിപ്പിച്ചതിലൂടെ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിനു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് തനിക്ക് നന്ദി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു.
യുദ്ധം തുടർന്നിരുന്നെങ്കിൽ മരണം അതിലും വളരെ കൂടുതലാകുമായിരുന്നു ട്രംപ് പറഞ്ഞു.